കൊവിഡ് രോഗി സഞ്ചരിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടറും യാത്രക്കാരും ക്വാറന്റീനിൽ
കണ്ണൂർ: കണ്ണൂരിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തിൽ. കൊവിഡ് രോഗി സഞ്ചരിച്ച ബസ്സിലുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരുണ്ടോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.
പാലക്കാട് കൂടല്ലൂരിൽ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടറെയും യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയത്. ഇന്നലെ ബസ്സിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് മുണ്ടേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 23ന് ചെന്നൈയിൽ നിന്ന് വന്ന ഇയാൾ കൂടല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 30ന് സുഹൃത്തും ഇയാളും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ശേഷമാണ് നാട്ടിലേക്ക് പോകാൻ ഇയാൾ തീരുമാനിച്ചത്.
12 ദിവസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞ ഇയാൾ സ്രവപശോധനാ ഫലം വരും മുൻപ് സ്വദേശമായ കണ്ണൂരിലേക്ക് പോകാൻ ശ്രമിച്ചു. ബൈക്കിലാണ് നാട്ടിലേക്ക് പുറപ്പെട്ടതെങ്കിലും ശാരീരിക അവശതകൾ കാരണം കോഴിക്കോട് മുതൽ യാത്ര കെഎസ്ആർടിസി ബസ്സിലാക്കി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് കൊയിലാണ്ടിയിൽ എത്തുമ്പോഴാണ് രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞത്. തുടർന്ന് പോലീസും ആരോഗ്യ വകുപ്പും ചേർന്ന് ആംബുലൻസിൽ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചു. ബസ്സിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ രോഗിയുമായി സമ്പർക്കമുണ്ടായ വരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

