വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി


ഷീബ വിജയൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ വിവാദമായ പ്രത്യേക തീവ്ര പരിഷ്കരണ (SIR) പ്രക്രിയയെ ന്യായീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച 248 പേജുള്ള സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് സുപ്രീം കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചു. സി.ജെ.ഐ സൂര്യകാന്ത് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആദ്യ ഹർജിക്കാരനായ രാകേഷ് കുമാർ സിംഗിനോട് മറുപടി സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ കോടതി അനുമതിയില്ലാതെ വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് രാജ്യസഭാ എം.പി ഡോല സെൻ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നോട്ടീസ് അയച്ചു. ഫോം 6-ൽ മാറ്റം വരുത്താൻ അനുമതി നൽകിയിരുന്നുവെന്ന കമ്മിഷന്റെ വാദം തെറ്റാണെന്ന് ഹർജിക്കാരുടെ അഭിഭാഷക മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. വിഷയത്തിലെ നിയമപ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കുമെന്ന് സി.ജെ.ഐ വ്യക്തമാക്കി.

എസ്.ഐ.ആർ നടപടികൾ നിയമപരമാണെന്നും ഫോം 6-ൽ തിരുത്തലുകൾ വരുത്തിയിട്ടില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും മറ്റ് കമ്മീഷണർമാർക്കുമെതിരെ ഉയർന്ന പരാതികളിലാണ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഭാനു പ്രകാശ് യെട്ടുരു വഴി വിശദീകരണം നൽകിയത്.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ രേഖാമൂലം ഉത്തരവുകളിൽ വിയോജിപ്പ് അറിയിച്ചെന്ന മാധ്യമ റിപ്പോർട്ട് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരുടെ മറുപടി ലഭിച്ച ശേഷം കേസിൽ സുപ്രീം കോടതി തുടർവാദം കേൾക്കും.

 

article-image

BNCCBCVCV

You might also like

  • Lulu Exchange
  • Straight Forward

Most Viewed