'ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇല്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി'; ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് എഡിജിപി വിജയന്‍


ഷീബ വിജയൻ


കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എഡിജിപി പി വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ചേരാനെല്ലൂര്‍ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയശേഷമാണ് എഡിജിപി പി വിജയന്‍ അപകടം നടന്ന സ്ഥലം സന്ദർശിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എഡിജിപിക്കൊപ്പമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ തട്ടുകടക്കാരനായ ജയബാലകൃഷ്ണന്റെ വീടും എഡിജിപി പി വിജയന്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഡിജിപി പറഞ്ഞു. 'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഇതില്‍ എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാര്‍, എന്നിവയെല്ലാം പരിശോധിക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടിട്ടേ പോകൂ'വെന്നും എഡിജിപി പി വിജയന്‍ പറഞ്ഞു. 'ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണ്. കുടുംബത്തിന് നീതി ഉറപ്പാക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കും. സ്‌റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കുടുംബം പറഞ്ഞിട്ടുള്ള കാര്യങ്ങളിലാണ് പരിഗണനയില്‍ ആദ്യത്തേതായുള്ളത്. അതുമായി ബന്ധപ്പെട്ട് റെക്കോര്‍ഡുകളും മറ്റും പരിശോധിച്ചശേഷമാകും അനന്തര നടപടികള്‍ കൈക്കൊള്ളുക'.

എഐജി അനുജ് പലിവാള്‍ അടക്കം പ്രത്യേക സംഘവുമായിട്ടാണ് എഡിജിപി ചേരാനെല്ലൂരിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിക്കും. സംഭവസ്ഥലത്ത് പോയി അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് താമസിക്കാതെ നടപടിയുണ്ടാകും. ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് തന്റെ മാത്രം കയ്യിലുള്ള കാര്യമല്ല. കോടതിയുടെ അനുമതി അടക്കം വേണം. അതിനായി പൊലീസ് ഫാസ്റ്റായി മൂവ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പി വിജയന്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് എഡിജിപി നേരിട്ട് ചേരാനെല്ലൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചേരാനല്ലൂര്‍ അപകടം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു.

article-image

EDFDDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed