ഓട്ടോ ഡ്രൈവർക്ക് കൊവിഡ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത
തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗവും വിപുലമായ സന്പർക്ക പട്ടികയും വന്നതോടെ തലസ്ഥാന നഗരം അതീവ ജാഗ്രതയിലേക്ക്. നിയന്ത്രണങ്ങൾ നഗരത്തിൽ ശക്തമാക്കണമെന്ന നിർദ്ദേശം സ്പെഷ്യൽ ബ്രാഞ്ചും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. നഗരത്തിൽ പൊതു ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പന്ത്രണ്ടാം തീയതി മുതൽ ഓട്ടോ ഡ്രൈവർക്ക് രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സന്പർക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. തലസ്ഥാന നഗരത്തിലെ കൊവിഡ് ഭീതിയും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും ചർച്ചചെയ്യാൻ കലക്ടറ്റേറ്റിൽ അവലോകന യോഗം ചേർന്നു. ഓട്ടോ ഡ്രൈവറുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് വരികയാണെന്ന് കളക്ടേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി കടകംപള്ളി പറഞ്ഞു.

