ബാങ്കിന്‍റെ ചില്ലു വാതിൽ തകർന്നു വീണ് യുവതിക്ക് ദാരുണാന്ത്യം: സംഭവം പെരുന്പാവൂരിൽ


പെരുന്പാവൂർ: ബാങ്കിന്‍റെ ചില്ലുവാതിൽ തകർന്നു വീണ് ശരീരത്തിൽ തുളച്ചുകയറി യുവതി മരിച്ചു. പെരുന്പാവൂരിലാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. എംഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽവച്ചാണ് അപകടമുണ്ടായത്.

ബാങ്കിൽ ഉച്ചയോടെ എത്തിയതായിരുന്നു ബീന. ബാങ്കിലെ നടപടിക്രമങ്ങൾക്കിടെ എന്തോ എടുക്കാനായിരിക്കണം, തിരികെ പുറത്തേക്ക് ഓടിപ്പോകുന്നതിനിടെ, മുൻവശത്തെ ഗ്ലാസിൽ ബീന ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.  

ഇടിയുടെ ആഘാതത്തിൽ കൈ കുത്തി അവർ എഴുന്നേറ്റ് നിന്നു. അപ്പോഴേക്ക് ബാങ്ക് ജീവനക്കാർ അടക്കം ബാങ്കിലുണ്ടായിരുന്നവർ ഓടി വന്നു. അവരെ എഴുന്നേൽപ്പിച്ച് മാറ്റി നിർത്തുന്പോഴേക്ക് അവരുടെ ദേഹത്ത് നിന്ന് ചോര വാർന്ന് വീഴുന്നുണ്ടായിരുന്നു. ഗുരുതരമായി ദേഹമാകെ ചില്ല് തറച്ച് പരിക്കേറ്റ ബീനയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ബീനയുടെ മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed