ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറം: വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ജൂൺ രണ്ടിനാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. മലപ്പുറം വളാഞ്ചേരി ഇരുന്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻഷീബ ദന്പതികളുടെ മകൾ ആണ് ദേവിക (14 ).
വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് ബന്ധുക്കൾ പറയുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും അറിയിച്ചു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു.