സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതൽ നടത്തും. പനി ബാധിതരെയും ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിശോധിക്കും. ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ആന്റിബോഡി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. ആഴ്ച്ചയിൽ 15,000 ത്തോളം ടെസ്റ്റുകൾ നടത്താനാണ് തീരുമാനം.
സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആന്റിബോഡി ടെസ്റ്റുകൾ ആരംഭിക്കുക. ഐസിഎംആർ വഴി പതിനാലായിരം കിറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. ഇതിൽ പതിനായിരം കിറ്റുകൾ വിവിധ ജില്ലകൾക്കായി നൽകി. 40,000 കിറ്റുകൾ കൂടി മൂന്ന് ദിവസം കൊണ്ട് കിട്ടും. ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപമുണ്ടോ എന്ന് നിരാക്ഷിക്കാനാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റിബോഡി ടെസ്റ്റ്് പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും.