സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം ഹംസക്കോയ


മഞ്ചേരി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മുൻ സന്തോഷ് ട്രോഫി താരവും പരപ്പനങ്ങാടി സ്വദേശിയുമായ ഹംസക്കോയയാണ് മരിച്ചത്. അറുപത്തൊന്ന് വയസ്സുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നെത്തിയ ആളായിരുന്നു ഹംസക്കോയ.

പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിച്ചത്. കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ മകൻ മകന്റെ ഭാര്യ രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജിൽ ചികിത്സയിലാണ് ഇപ്പോൾ. മുംബൈയിൽ നിന്ന് റോഡ്മാര്‍ഗ്ഗമാണ് ഇവര്‍ മലപ്പുറത്തെത്തിയത്.
മുപ്പതാംതീയതി മുതൽ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുന്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

You might also like

Most Viewed