വാളയാറിൽ പാസില്ലാതെ എത്തിയ ആൾക്ക് കൊവിഡ്: അഞ്ച് കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകണം

തിരുവനന്തപുരം: വാളയാറിൽ സമരത്തിന് പോയ യു.ഡി.എഫ് എം.പിമാരും, എം.എൽ.എമാരും നിരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശവുമായി പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ്. വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയിരിക്കുന്നത്.
രമ്യാ ഹരിദാസ്, ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്‌ഠൻ, അനിൽ അക്കര, ഷാഫി പറന്പിൽ തുടങ്ങി ജനപ്രതിനിധികൾക്കാണ് നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിക്കരുതെന്നും കൊവിഡ് ആർക്കും പിടിപ്പെടാമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വാളയാറിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ പ്രതിഷേധത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.