കൊളംബിയയിലെ ജയിലുകളിൽ കോവിഡ് പടരുന്നു

ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ജയിലുകളിൽ കോവിഡ് ദുരിതം വിതക്കുന്നു. വില്ലവിസെൻസിയോയിലെ ഒരു ജയിലിൽ പകുതിയോളം തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1835 പേരുള്ള ജയിലിൽ 859 പേർ രോഗികളാണ്. മറ്റൊരു നഗരമായ ലെറ്റിസിയയിലെ ജയിലിലും സമാന സ്ഥിതിയാണുള്ളത്. 180 തടവുകാരിൽ 89 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ആളകലം ഉൾപ്പെടെ നിയന്ത്രണങ്ങളൊന്നും നടപ്പാക്കാൻ സാധിക്കാത്തത് തടവുകാരുടെ ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. തടവുകാർക്കൊപ്പം ജയിൽ ജീവനക്കാരുടെയും കാര്യത്തിലും ആശങ്കകൾ വർദ്ധിക്കുകയാണ്. തടവുകാർ അടുത്തടുത്ത് കിടക്കുകയും പൊതു ശുചിമുറികൾ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജയിലിലെ സാഹചര്യത്തിൽ ആളകലവും സെൽഫ് ഐസൊലേഷനുമൊക്കെ എങ്ങനെ സാധ്യമാകുമെന്നാണ് ജയിൽ അധികൃതർ ചോദിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി പലരും മുന്നോട്ടുവെച്ച നിർദേശങ്ങൾ ജയിലിനുള്ളിൽ നടപ്പാക്കാൻ പറ്റാത്ത അവസ്ഥയാണ്.
അതേസമയം, പ്രതിരോധ പ്രവർത്തനങ്ങളോ ഡോക്ടർമാരുടെ മതിയായ സേവനമോ ലഭിക്കാത്ത സാഹചര്യത്തിൽ ജയിലുകളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കുമെന്നാണ് ആശങ്കകൾ. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ജയിലുകളിലേക്ക് പരിശോധനക്ക് വരാൻ ഡോക്ടർമാർ തയ്യാറാകുന്നില്ലെന്നും വിവരമുണ്ട്. രാജ്യത്ത് 132 ജയിലുകളിലായി 1,21,000 തടവുകാരുണ്ട്. കൊളംബിയയിൽ ഇതുവരെ 12,272 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 493 പേർ മരിച്ചു.