അതിഥി തൊഴിലാളികൾക്ക് മടങ്ങിപ്പോകാൻ ഇന്ന് അഞ്ച് പ്രത്യേക ട്രെയിൻ
തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മടങ്ങിപ്പോകാൻ ശനിയാഴ്ച അഞ്ച് പ്രത്യേക ട്രെയിൻ. തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂർ, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കർശന സുരക്ഷയോടെയാണ് യാത്ര. തിരുവനന്തപുരത്തു നിന്നും ജാർഖണ്ധിലെ ഫാതിയിലേക്കാണ് ട്രെയിൻ. ഉച്ചക്ക് രണ്ടോടെ ട്രെയിൻ പുറപ്പെടുമെന്നാണ് അറിയുന്നത്. കോഴിക്കോട് നിന്നും ജാർഖണ്ധിലേക്ക് അതിഥി തൊഴിലാളികളുമായി ട്രെയിൻ ഓടും. വൈകിട്ടാണ് ഇവിടെ നിന്നും ട്രെയിൻ പുറപ്പെടുന്നത്. ആലുവയിൽ നിന്നും തിരൂരിൽ നിന്നും ബിഹാറിലെ പാറ്റ്നയിലേക്കാണ് ട്രെയിൻ. എറണാകുളം സൗത്തിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിൻ പുറപ്പെടുന്നത്.
വെള്ളിയാഴ്ചയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിൻ കേരളത്തിൽനിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്പതോടെ ആലുവയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1152 പേരാണ് ട്രെയിനിലുള്ളത്. കോവിഡ് മാനദണ്ധങ്ങൾ പാലിച്ചാണ് യാത്ര. ടിക്കറ്റ് ചാർജ് മാത്രമാണ് തൊഴിലാളികളിൽ നിന്ന് ഈടാക്കിയത്. ട്രെയിനിൽ ഇവർക്കുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാന്പുകളിലായാണ് ഇവർ കഴിയുന്നത്. ഇവർക്ക് സ്വന്തം നാടുകളിലേക്ക് മടക്കയാത്ര അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്.

