യുവതിയും കുഞ്ഞും ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
കോഴിക്കോട്: വെള്ളന്നൂരിൽ യുവതിയും കുഞ്ഞും ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ പതിനൊന്നിനാണ് കീഴരിയൂർ സ്വദേശി നിജിന, എട്ടു മാസം പ്രായമുള്ള മകൻ എന്നിവരെയാണു ഭർതൃവീട്ടിലെ കിണറിൽ മരിച്ച കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ നിജിനയെ ഭർതൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ചു യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന ഭർത്താവ് രഖിലേഷിനേയോ രക്ഷിതാക്കളേയോ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. കോഴിക്കോട് നോർത്ത് എസി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുറരോഗമിക്കുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതി കണക്കിലെടുത്താണ് അന്വേഷണം നടത്തിയത്. നിജിനയെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

