സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ: മാവേലിക്കരയിലെ ചുനക്കരയിൽ സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ച് കുട്ടി മരിച്ചു. കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികൾ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു. ഇതേത്തുടർന്ന് നവനീത് കുഴഞ്ഞു വീണു. അൽപസമയം കഴിഞ്ഞ് മരിക്കുകയായിരുന്നു.
പേപ്പർ പന്ത് ചുരുട്ടി ക്ലാസിൽ പൊളിഞ്ഞു കിടന്ന ഒരു ഡസ്കിന്‍റെ കഷ്ണം പൊട്ടിച്ചെടുത്ത് കളിക്കുകയായിരുന്നു മരിച്ച നവനീതിന്‍റെ സഹപാഠികൾ. ഇതിനിടയിൽ മരത്തിന്‍റെ കഷ്ണം കുട്ടികളിൽ നിന്ന് തെറിച്ച് കുട്ടിയുടെ തലയിൽ തട്ടി. അവിടെ നിന്ന് ഭക്ഷണപ്പാത്രവും കൊണ്ട് പുറത്തിറങ്ങിയ നവനീത് കൈ കഴുകുന്ന പൈപ്പിനടുത്ത് വച്ച് കുഴഞ്ഞു വീണു. ഇത് കണ്ട സഹപാഠികളായ രണ്ട് കുട്ടികൾ ഓടിയെത്തി അദ്ധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ അധികൃതരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുന്നതിന് വഴിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണകാരണം എന്തെന്ന് വ്യക്തമായി അറിയാൻ പോസ്റ്റ്‍മോർട്ടം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നവനീതിന്‍റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

