ലാല്‍സണ്‍ പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ അവൻ പൂർത്തിയാക്കട്ടെ’; ലാൽസന്റെ മകന് പിറന്നാൾ മധുരം
നാട്ടിലും വിദേശത്തും രാഷ്ട്രീയ, ജീവകാരുണ്യപ്രവർത്തനരംഗത്ത് സജീവമായിരുന്നു ലാൽസൺ. ശരീരം തളർന്നിട്ടും 'ജീവിതം പൊരുതുവാനുള്ളതാണ്, അത് പൊരുതിത്തന്നെ നേടണ'മെന്ന് അക്ഷരങ്ങളിലൂടെ മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്നിരുന്നു. രോഗാവസ്ഥയിൽ തനിക്ക് തണലും തുണയുമായി ജീവിക്കുന്ന ഭാര്യയെക്കുറിച്ചും ലാൽസൺ കുറിക്കാറുണ്ടായിരുന്നു. 'പുഞ്ചിരിയാണ് ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച. വിടർന്നുനിൽക്കുന്ന പൂവിനെപ്പോലെയാണ് പുഞ്ചിരി...' ഇങ്ങനെയായിരുന്നു മറ്റൊരു കുറിപ്പ്. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന ലാൽസൺ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് താടിയിൽ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണുന്നത്. പരിശോധനയിൽ കാൻസർ ആണെന്നു സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സ. മുപ്പത് റേഡിയേഷനും അയഡിൻ തെറാപ്പിയും നടത്തി. ഉമിനീരിറക്കാൻപോലും ആവാത്ത അവസ്ഥയിലും പ്രതീക്ഷ കൈവിടാത്ത ലാൽസന്റെ മനോവീര്യം മാധ്യമങ്ങളിൽ പലതവണ വാർത്തയായിരുന്നു. ചാഴൂർ, പുള്ള് പരേതനായ ചിറമ്മൽ കൊച്ചാപ്പുവിന്റെ മകനാണ് ലാൽസൺ.

