വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു.
അതേസമയം, കേസിലെ അപ്പീൽ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതിരെ സർക്കാരിനും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും അപ്പീൽ നൽകാം. ഉടൻ അപ്പീൽ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇതിനിടെ, കേസിൽ പുനരന്വേഷണം വേണമെന്ന് ഹർജിയിലെ ആവശ്യത്തെക്കുറിച്ച് സിബിഐയുടെ അഭിപ്രായം കോടതി തേടി. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, ഈ കേസിൽ പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ കോടതിയെ അറിയിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ വിധി നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായമാണെന്നും സിബിഐ വ്യക്തമാക്കി.
കേസിൽ വിചാരണ നടക്കുന്ന സമയത്തും അന്വേഷണം നടക്കുന്ന സമയത്തും എവിടെയായിരുന്നുവെന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി, സാക്ഷികൾക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെയും വിമർശിച്ചു. നിരവധി സാക്ഷികൾ കൂറുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസിൽ ഇനി സാക്ഷികൾക്ക് എന്ത് സുരക്ഷ നൽകാനാണെന്നും കോടതി ചോദിച്ചു.

