അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് രൂപം കൊണ്ടു; കർശന നിരീക്ഷണവുമായി കാലാവസ്ഥാവകുപ്പ്


തിരുവനന്തപുരം: മദ്ധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. പക്ഷേ, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലതെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ‘ക്യാർ’ ചുഴലിക്കാറ്റ് മദ്ധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്. അടുത്ത 12 മണിക്കൂറിൽ ക്യാർ അതിശതമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. íക്യാർ' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരേണ്ടതാണെന്നും’ കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed