വിജയുടെ ബിഗിൽ ഓൺലൈനിൽ ചോർന്നു
ചെന്നൈ: വിജയ് നായകനായി എത്തിയ ചിത്രമാണ് ബിഗിൽ. ഫുട്ബോൾ പരിശീലകനായിട്ടായിരുന്നു ചിത്രത്തിൽ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓൺലൈനിൽ തരംഗമായിരുന്നു. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി. അതേസമയം ചിത്രം ഓൺലൈനിൽ ചോർന്നുവെന്നാണ് റിപ്പോർട്ട്.തമിൾ റോക്കേഴ്‍സ് തന്നെയാണ് ബിഗിലും ഓൺലൈനിൽ ചോർത്തിയത്. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി മുന്പ് നിർദ്ദേശം നൽകിയിരുന്നു. സിനിമകൾ അനൗദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍ റോക്കേഴ്‍സ്, ഈസി ടിവി, കാത് മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഇന്റർനെറ്റ് സേവനദാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമ ഓൺലൈനിൽ ചോരുന്നത് ഇപ്പോഴും തുടരുകയാണ്.
ലോകമെന്പാടുമായി മൂവായിരത്തോളം സ്‍ക്രീനുകളിലായിരുന്നു ബിഗിൽ റിലീസ് ചെയ്‍തത്. സാങ്കേതിക തകരാർ മൂലം ചിലയിടങ്ങളിൽ പ്രദർശനം തുടങ്ങാൻ വൈകിയിരുന്നു. പ്രദർശനം വൈകിയതിനെ തുടർന്ന് വിജയ് ആരാധകർ തമിഴ്‍നാട്ടിൽ സംഘർഷാവസ്ഥ സൃഷ്‍ടിച്ചു. തമിഴ്‍നാട്ടിൽ ഒരു റിലീസ് സെന്ററിൽ പോലീസ് എത്തിയാണ് ആരാധകരുടെ സംഘർഷത്തിന് അയവുവരുത്തിയത്. പൃഥ്വിരാജ് ആണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്രെയിലർ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗിൽ പിൻതള്ളിയത്. പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് വിതരണം. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

