കൂടത്തായിയിലെ മരണ പരന്പര: കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്തുള്ള പരിശോധന തുടങ്ങി
കോഴിക്കോട് : കൂടത്തായിൽ സമാന രീതിയിൽ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്തുള്ള ഫോറൻസിക് പരിശോധന തുടങ്ങി. കോടഞ്ചേരി പള്ളിയിൽ അടക്കിയ സിസിലിയുടേയും കുഞ്ഞിന്‍റെയും മൃതദേഹമാണ് ആദ്യം പുറത്തെടുക്കുക. പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചേർന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് നടപടി.
വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ഇവരുടെ ബന്ധു സിസിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകൾ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിൻസൂപ്പ് കഴിച്ച ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വർഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടൻ ശർദ്ദിച്ച് മരിച്ചു.
2011ൽ ടോം തോമസിന്‍റെ മകൻ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരൻ മാത്യുവും മരിച്ചു. ഒരുവർഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തിൽ ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയായ സിസിലിയും മകൾ അൽഫോൻസയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു ഇതെല്ലാം തന്നെ. സമാനസ്വഭാവമുള്ള മരണത്തിൽ സംശയം തോന്നിയ ടോമിന്‍റെ മകൻ റോജോയുടെ പരാതിയാണ് ഒടുവിൽ കല്ലറകൾ തുറന്നുപരിശോധിക്കുന്നതുവരെ എത്തിയത്.
മരിച്ച ആറ് പേരിൽ നാല് പേരുടെ മൃതദേഹം കൂടത്തായി ലൂർദ്ദ് മാതാ പള്ളിയിലെ കല്ലറകളിലാണ് അടക്കിയിരിക്കുന്നത്. മണ്ണിൽ ദ്രവിക്കാതെയുള്ള എല്ലിൻ കഷണങ്ങൾ പല്ല് എന്നിവയാണ് പരിശോധിക്കുക. ഈ പരിശോധനയിൽ സയനൈഡടക്കമുള്ള വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നത് വ്യക്തമാകും.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ബ്രെയിൻ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്താനും ആലോചനയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണോ മരണത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകൾ ക്രൈബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറൻസിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

