സർവീസിൽ തിരിച്ചെടുക്കണം; തോമസ് ജേക്കബ്
കൊച്ചി: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കത്തു നൽകി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണസെക്രട്ടറിക്കും കത്ത് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ മുതിർന്ന ഡിജിപിയാണ് താനെന്നും അതിനാൽ അതിനു ഉചിതമായ സ്ഥാനം നൽകണമെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഇന്നലെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. തുടർച്ചയായുള്ള സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. അടിയന്തരമായി അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണം. പോലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

