കോഴിക്കോട് വൻ കള്ളനോട്ട് വേട്ട: വ്യാജനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ട് നടന്ന റെയ്ഡിൽ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടന്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി.
ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. ഇതേ വീട്ടിൽ നിന്ന് നോട്ടടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് ഒരേ സമയം മറ്റ് രണ്ട് റെയ്ഡുകൾ പോലീസ് നടത്തിയത്.

