പിണറായിയുടെ ‘ഡാഷ്’ പ്രയോഗം; ചുട്ട മറുപടിയുമായി കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് ചുട്ടമറുപടിയുമായി മറുപടിയുമായി കെ സുധാകരൻ. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നും ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നതെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.
ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഡാഷ്’ പരാമർശം നടത്തിയത്. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സി.പി.എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ‘’പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി’’, എന്ന് പിണറായി വിജയൻ പറഞ്ഞതിനാണ് കെ. സുധാകരന്‍റെ മറുപടി.

