മകളെ കൊന്നത് അവിഹിതം എതിർത്തതിന്: കൊലപാതക രീതി വിവരിച്ച് മഞ്ജുഷ


തിരുവനന്തപുരം: നെടുമങ്ങാട് 16 വയസുകാരി മീരയെ കൊലപ്പെടുത്തിയ കേസിൽ മാതാവ് മഞ്ജുഷയെയും കാമുകൻ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. ഏക മകളെ  ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായി തെക്കുംകര പറണ്ടോട്‌ കുന്നിൽ വീട്ടിൽ മഞ്‌ജുഷ നടപ്പാക്കിയ കൊലപാതകം അതേപടി പൊലീസിന് കാണിച്ച് കൊടുത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തിൽ ഷാൾ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്. 

മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാർ പലതവണ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ‍ പോയതായും പ്രതികൾ‍ വിവരിച്ചു. കട്ടിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്‌. പിന്നാലെ മഞ്‌ജുഷയുടെ കാമുകൻ അനീഷ്‌ കൈകൾ കൊണ്ട്‌ കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി പ്രതി അനീഷിന്റെ വീട്ടിലെത്തിച്ചു.  

ഇവിടെ എത്തിച്ച മീരയുടെ മൃതശരീരം വീടിന്റെ മതിൽ വഴി കടത്തിയതായും തുടർന്ന് കല്ലുകെട്ടി കിണറ്റിലെറിഞ്ഞതായും അനീഷ് വിശദീകരിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത്‌ ഞെരിക്കുന്പോഴേക്കും അനീഷ്‌ കിണറിന്റെ മൂടി മാറ്റി. തുടർന്നു മീരയുടെ ശരീരത്തിൽ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു.

സ്വന്തം വീട്ടിൽ ‍നിന്ന്‌ അനീഷ്‌ തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. സന്ധ്യയോടെ ഇയാൾ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരിൽക്കണ്ട മീര എതിർ‍ത്തപ്പോൾ‍, നാട്ടിലുള്ള ചില ആൺ‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ്‌ മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടർന്ന്‌ മീരയുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു.ഷാളുപയോഗിച്ച്‌ കഴുത്ത്‌ ഞെരിക്കുന്പോൾ പുറത്ത്‌ നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുന്പേ കിണറ്റിൽ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോവുകയാണെന്നും മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്‌ജുഷ വിളിച്ചറിയിച്ചു. തന്റെ വാടകവീട്ടിലെ സാമഗ്രികൾ അവിടെനിന്നു മാറ്റി വീട്‌ ഒഴിയണമെന്നും നിർദ്ദേശിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed