ജര്‍മ്മന്‍ യുവതിയുടെ തിരോധാനം; അന്വേഷണത്തിന് ഇന്‍റര്‍പോളിന്‍റെ സഹായം തേടി


തിരുവനന്തപുരം: ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടി. ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന്‍റെ നിഗമനം. തിരുവനന്തപുരത്തെത്തിയ ലിസ എവിടെയാണ് താമസിച്ചതെന്ന് ഇപ്പോഴും അറിവായിട്ടില്ല. അമൃത ആശ്രമത്തിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ്.
മാര്‍ച്ച് ഏഴിന് ആണ് ലിസ യുകെ പൗരനായ സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയത് എന്നാണ് വിവരം. മാര്‍ച്ച് പത്തിന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചു. മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനാണ് പോലീസിന്‍റെ തീരുമാനം. ജര്‍മ്മന്‍ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെ അത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. ലിസയ്ക്കൊപ്പം എത്തി എന്ന് പറയപ്പെടുന്ന സുഹൃത്ത് മാര്‍ച്ച് 10ന് തിരികെ പോയി എന്ന് മാത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് കേസ് അന്വേഷണത്തിന് അത്യാവശ്യമാണ്. ഇതിനാണ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരിക്കുന്നത്.
അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ലിസ അമൃത ആശ്രമത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം പോലീസും സ്ഥിരീകരിക്കുന്നതായാണ് വിവരം. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും കേരള പോലീസ് രണ്ട് ദിവസം മുമ്പ് വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലിസ രാജ്യം വിട്ടുപോയിട്ടില്ലെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed