പ്രവാസിയുടെ ആത്മഹത്യ; പി.കെ ശ്യാമളയ്ക്കെതിരെ തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘം
കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ പ്രാഥമികമായി തെളിവുകൾ ഇല്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്യും. പ്രവാസി വ്യവസായി സാജന്‍റെ ഡയറി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.
കൺവെൻഷൻ സെന്‍റർ അനുമതിയിലുണ്ടായ തടസങ്ങൾ ഡയറിയിൽ പരമാർശിക്കുന്നതിനാൽ കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. എന്നാൽ പി.കെ ശ്യാമളയിലേക്ക് നേരിട്ട് വിരൽ ചൂണ്ടുന്ന പേരുകളോ പരാമർശങ്ങളോ ഇല്ല.
തന്നെ സഹായിച്ചവരെന്ന പേരിൽ പി. ജയരാജൻ, സി.പി.എം നേതാവ് അശോകൻ, ജെയിംസ് മാത്യു എം.എൽ.എ, കെ സുധാകരൻ എന്നിവരുടെ പേരുകൾ സാജൻ ഡയറിയിൽ എഴുതിയിട്ടുണ്ട്. വികസനവിരോധി എന്ന പരാമർശം ഡയറിയിലുണ്ടെങ്കിലും അതാരെക്കുറിച്ചാണെന്ന് സാജൻ ഡയറിയിൽ രേഖപ്പെടുത്തിയിട്ടില്ല.

