മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി: ബിനോയിയെ ചെയ്തേക്കും; മുൻകൂർ ജാമ്യത്തിന് നീക്കം
മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയില്‍ മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി. ഒഷിവാര പോലീസിലെ എസ്.ഐ റാങ്കിലുള്ള രണ്ടുപേരാണ് കണ്ണൂര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയത്. എസ്.ഐമാരായ വിനായക യാദവും ദയാനന്ദ പവാറുമാണ് കണ്ണൂരില്‍ എത്തിയിരിക്കുന്നത്. എസ്.പിയുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. എസ്.പി മറ്റൊരു യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കായി ഇവര്‍ കാത്തിരിക്കുകയാണ്.
ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പോലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം. ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പോലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നൽകിയ യുവതിയിൽ നിന്നും പോലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് േസ്റ്ററ്റ്മെന്റുകളും പോലീസ് പരിശോധിക്കും.
അതേസമയം, വിഷയത്തിൽ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്.പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

