വേണുഗോപാലന്‍ നായരുടെ മരണം ആസൂത്രിത കൊലപാതകമെന്ന് യൂത്ത് കോൺഗ്രസ് : ഡിജിപിയ്ക്ക് പരാതി നൽകി
തിരുവനന്തപുരം : ബി.ജെ.പി സമരപ്പന്തലിന് മുന്നിൽവെച്ച് ശരീരത്ത് തീകൊളുത്തിയ വേണുഗോപാലന്‍ നായരുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍എസ് നുസൂർ ഡിജിപിയ്ക്ക് പരാതി നൽകി. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടു കൂടിയുള്ള ആസൂത്രിതമായ കൊലപാതകമാണ് സെക്രട്ടേറിയേറ്റിനു മുന്നിൽ നടന്നത്. രാത്രി രണ്ടു മണിവരെ സെക്രട്ടേറിയറ്റിനു മുന്നിൽ ഇല്ലായിരുന്ന ഇദ്ദേഹം വീട്ടിൽ നിന്നും ആത്മഹത്യയ്ക്ക് മാത്രം ഇവിടെയെത്തിയത് അവിശ്വസസ്തനീയമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ഡിജിപിയ്ക്ക് പരാതി നൽകിയത്.
തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാൽ എന്നയാളാണ് ഇന്നലെ മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന പന്തലിന് സമീപം ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ മരണ മൊഴിയിൽ പറയുന്നത് തനിക്ക് ജീവിതം മടുത്തുവെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ്. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.

