പൊതുപരിപാടികളിൽ നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനേയും ഒഴിവാക്കുന്നു


തൃശൂർ: ദീപ നിശാന്തും ശ്രീചിത്രനും മാപ്പു പറഞ്ഞിട്ടും കവിത മോഷണവിവാദം അടങ്ങുന്നില്ല. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും  ഇരുവരെയും  സംഘാടകര്‍ ഒഴിവാക്കി. കവിതാമോഷണത്തിലൂടെ ഇരുവരുടെയും ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്  സംഘാടകരുടെ നിലപാട് നവോത്ഥാന സദസ്സുകളില്‍ അടുത്തിടെ സ്ഥിരം സാന്നിധ്യമായ ശ്രീചിത്രൻ ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടുത്തിടെ നടത്തി പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ഭരണസംഘടനാ സംഗമത്തിലെ മുഖ്യപ്രഭാഷകരിലൊരാള്‍ ശ്രീചിത്രനായിരുന്നു. എന്നാല്‍ കവിതാമോഷണം പുറത്തുവന്നതോടെ ശ്രീചിത്രനോട് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

ചൊവ്വാഴ്ച തൃശൂരില്‍ സംഘടിപ്പിച്ച ജനാഭിമാന സംഗമത്തിലും ശ്രീചിത്രനെയും ദീപാ നിശാന്തിനെയും ക്ഷണിച്ചിരുന്നു. പരിപാടിയുടെ നോട്ടീസിലും മറ്റുപ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം ഇരുവരുടേയും പേരും ഫോട്ടോയും വെച്ച് നോട്ടീസും അടിച്ചു. എന്നാല്‍ ശ്രീചിത്രനേയും ദീപയേയും പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് സംഘാടകരിലൊരാളായ സാറ ജോസഫ് ചൂണ്ടിക്കാട്ടി. ഇവരുടെ സാന്നിധ്യം മൂലം മറ്റ് പ്രഭാഷകര്‍ ഒഴിവാകുമോയെന്ന ആശങ്കയും സംഘാടകര്‍ക്ക് ഉണ്ട്. ഇതോടെ ഈ പരിപാടിയില്‍ നിന്നും ഇരുവരെയും ഒഴിവാക്കി. 

ശ്രീചിത്രൻ പങ്കെടുക്കുന്നതിനാൽ  പരിപാടിക്ക് പോകില്ലെന്ന് ദീപാ നിശാന്ത് നേരത്തേ തന്നെ അറിയിച്ചിരുന്നു. ശ്രീചിത്രൻ ചതിക്കുകയായിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദീപ. കലേഷിന്‍റെ കവിത സ്വന്തമെന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് തന്നത്  ആരെന്ന് വെളിപ്പെടുത്തിയതോടെ ശ്രീചിത്രൻ പലയിടത്തും തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ടെന്ന് ദീപ നിശാന്ത് പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ദീപ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed