നിയമസഭയിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം : സഭ 21 മിനിറ്റിനുള്ളില്‍ പിരിഞ്ഞു


തിരുവനന്തപുരം : ശബരിമല വിഷയം ഉന്നയിച്ചു നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. മൂന്നാം ദിവസവും ചോദ്യോത്തരവേള റദ്ദാക്കിയപ്പോൾ ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നിവ വെട്ടിച്ചുരുക്കി. സഭ 21 മിനിറ്റിനുള്ളില്‍ പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സഭ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പിരിയുന്നത്.

ചോദ്യോത്തര വേള ഒഴിവാക്കി വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയം വിശദമായി ചർച്ചചെയ്തെന്നും സഭ തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നതായും സ്പീക്കർ മുന്നറിയിപ്പു നൽ‌കി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി.

അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനു പ്രതിപക്ഷം നിയമസഭയിൽ നോട്ടിസ് നൽകിയിട്ടുണ്ട്. അതിനാൽ വിഷയം സബ്മിഷനായി അവതരിപ്പിക്കാമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം ഉണ്ടാകുന്നത്.

You might also like

Most Viewed