മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഡി.എൻ.എ പരിശോധനാ ഫലം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികിത്സയ്ക്കെത്തിയ ലിത്വാനിയക്കാരി ലിഗ സ്ക്രോമാനെയാണ് കോവളത്ത് കണ്ടൽക്കാട് നിറഞ്ഞ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. റിപ്പോർട്ട് ഉടൻതന്നെ പൊലീസിന് കൈമാറും.
അതേസമയം, ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനാണ് പോലീസിന് വിവരം നൽകിയത്. കഴുത്തിലെ എല്ലുകൾക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയിൽ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തിൽ ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും ക്ഷതമേറ്റതിന്റെ ലക്ഷണമില്ല.
കണ്ടൽപ്രദേശത്ത് അബദ്ധത്തിൽ ഒതളങ്ങ ഭക്ഷിച്ചതിനെത്തുടർന്ന് വിഷബാധയേറ്റാണ് ലിഗ മരിച്ചതെന്നാണ് പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്. ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഫോറൻസിക് വിഭാഗം പോലീസിന് കൈമാറിയിട്ടില്ല. ഫോറൻസിക് മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽബോർഡ് മരണകാരണം വിശകലനം ചെയ്തശേഷമാണ് കൊലപാതകമാണെന്ന് പോലീസിനെ അറിയിച്ചത്.
പുറത്ത് നിന്നുള്ളവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടൽക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താൽ ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസിൽ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. സ്ഥലപരിചയമില്ലാത്ത വിദേശിക്ക് തനിച്ച് എത്തിച്ചേരാൻ കഴിയില്ലെന്നതിനാൽ ബീച്ചിൽ ഒറ്റപ്പെട്ട് നടക്കുകയായിരുന്ന ലിഗയെ വശീകരിച്ച് അവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോ ലീസ് സംശയിക്കുന്നത്. ഇവിടേക്കുള്ള വഴികളിലുള്ള ഹോട്ടലുകളിലെ സി.സി ടിവിക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് പോലീസിന് തലവേദനയാണ്.
