അമ്മയോടൊപ്പം നടന്ന് പോകവേ കാറിടിച്ച് പത്ത് വയസുകാരി മരിച്ചു

കാസർഗോഡ്: റോഡരികിലൂടെ അമ്മ യോടൊപ്പം നടന്നുപോകവേ മകൾക്കും അമ്മയ്ക്കും നേരെ കാർ പാഞ്ഞുകയറി. അപകടത്തിൽ പത്തുവയസുകാരിയായ മകൾ മരിച്ചു. അമ്മയ്ക്ക്് ഗുരുതരമായി പരിക്കേറ്റു. അന്പലത്തറ മൂന്നാം മൈലിൽ പ്രവർത്തിക്കുന്ന സ്‌നേഹാലയത്തിലെ ജീവനക്കാരായ ലിജോ ജോസഫ്− ബിന്‍സി ദന്പതികളുടെ മകൾ എലിസബത്ത് (10) ആണ് മരിച്ചത്. ബിൻസിയെ ഗുരുതരപരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 2.45 ഓടെ അന്പലത്തറ മൂന്നാം മൈലിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർ രജിസ്‌ട്രോഷൻ പുതിയ മാരുതി സ്വിഫ്‌റ്റ് കാറാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്തേക്ക് പാതയുടെ എതിർവശത്ത് കൂടി നടന്നു പോവുകയായിരുന്ന ബിൻസിയെയും, എലിസബത്തിനെയും നിയന്ത്രണം വിട്ട കാർ ഇടിക്കുകയും ഇതിനു ശേഷം പാതക്കരികിലുള്ള ക്ഷേത്ര കവാടത്തിലെ ഭണ്ധാരത്തിൽ ഇടിച്ചു നിൽക്കുകയുമായിരുന്നുവെന്നും അന്പലത്തറ പോലീസ് പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം മാവുങ്കാലിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ട് പോയി. എന്നാൽ യാത്രാ മധ്യേ എലിസബത്ത് മരണപ്പെടുകയായിരുന്നു. അപകടത്തിൽ ക്ഷേത്ര ഭണ്ധാരവും, കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എലിസബത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമന്പലത്തറ മേരി ക്യൂൻ പബ്ലിക് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് എലിസബത്ത്.