മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദനം കൂട്ടി: മലങ്കര ഡാം തുറന്നു
ഇടുക്കി: ക്രേന്ദ്രപൂളിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന 300 മെഗാവാട്ട് ലഭിക്കേണ്ട വൈദ്യുതിയുടെ അളവ് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദനം കൂട്ടി. ഇടുക്കി വൈദ്യുതി നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചതോടെ മലങ്കര ജലാശയത്തിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്ന് 41.72 മീറ്റർ എത്തിയതോടെ കാഞ്ഞാർ ലക്ഷം വീട് കോളനി ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. വെള്ളം കോളനികളിലേക്ക് കയറാതിരിക്കാൻ മലങ്കര ഡാമിന്‍റെ ഒരു ഷട്ടർ 50 സെന്‍റീമീറ്റർ ഉയർത്തി ജലം ഒഴുക്കി. ആറ് ഷട്ടറുകൾ ഉള്ളതിൽ ആറാം നന്പർ ഷട്ടറാണ് ഉയർത്തിയത്.
പദ്ധതിയുടെ ഭാഗമായി മൂലമറ്റം പവർ ഹൗസിൽ 11.298 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉൽപ്പാദനം. പീക്ക് സമയത്ത് പവർഹൗസിൽ നിന്നുള്ള ഉൽപ്പാദനം വീണ്ടും ഉയർത്തി. മലങ്കര ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. വേനൽ കടുത്തതോടെ കനാലിലേക്ക് വെള്ളം ഒഴുക്കുന്നതിനുവേണ്ടി കഴിഞ്ഞ ഏതാനും ആഴ്ചകളായി മലങ്കര ജലാശയത്തിൽ ജലനിരപ്പ് ഉയർത്തി നിർത്തിയിരിക്കുകയാണ്. എന്നാൽ 41.65 മീറ്ററിന് മുകളിലേക്ക് എത്തിച്ചിരുന്നില്ല. എന്നാൽ ഇന്നലെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപ്പാദനം കൂട്ടിയതിനെത്തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.
കടുത്ത വേനലിൽ മലങ്കര ഡാമിന്‍റെ ഷട്ടർ ഉയർത്തേണ്ടി വന്നത് മൂലം ലക്ഷക്കണക്കിന് ലിറ്റർ ജലം ഒഴുക്കിക്കളയേണ്ടി വന്നു. വെള്ളം പാഴായി പോകുന്നതിന്‍റെ തോത് കുറക്കാൻ മലങ്കര വൈദ്യുതിനിലയത്തിൽ പരമാവധി ഉൽപ്പാദനമാണ് നടക്കുന്നത്. രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് ഏഴ് മെഗാവാട്ടോളം വൈദ്യുതി ഉൽപ്പാദിപ്പിച്ചു.
