മുഖ്യമന്ത്രി പിണറായി വിജയൻ നിതിൻ ഗഡ്കരിയെ കണ്ടു
തിരുവനന്തപുരം : ദേശീയപാത വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചർച്ച നടത്തി. അതേസമയം, കീഴാറ്റൂർ പ്രശ്നം ഇരുവരും ചർച്ച ചെയ്തില്ലെന്നാണു സൂചന. തലപ്പാടി – നീലേശ്വരം ദേശീയപാതാ വികസനം ചർച്ച ചെയ്തു. സ്ഥലമേറ്റെടുത്താൽ മറ്റു നടപടികൾ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പുനൽകി.
ജനകീയ സമരത്തിലൂടെ ദേശീയ ശ്രദ്ധയിലെത്തിയ തളിപ്പറന്പ് കീഴാറ്റൂരിൽ എലവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി പിണറായി വിജയൻ ഗഡ്കരിയെ കാണുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനായിട്ടാണു ഗഡ്കരിയുടെ സമയം തേടിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സന്ദർശന വേളയിൽ പിണറായി ഗഡ്കരിയോട് ഇവ ചോദിച്ചില്ലെന്നാണ് അറിയുന്നത്. അതേസമയം ബൈപ്പാസ് നിർമ്മാണം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്ത് വയൽക്കിളികൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ വയൽക്കിളികളെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്.

