ആനയെ ടോൾപ്ലാസയിൽ തടഞ്ഞുവെച്ചത് ഒന്നര മണിക്കൂറിലേറെ സമയം
പാലിയേക്കര : ടോൾ നൽകിയിട്ടും ഉത്സവ എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയുമായി വന്ന ലോറിയെ ടോൾപ്ലാസയിൽ തടഞ്ഞിട്ടത് ഒന്നര മണിക്കൂറോളം. ചെറുശ്ശേരി രാജേന്ദ്രൻ എന്ന കൊന്പനാണ് ദേശീയപാതയ്ക്ക് സമീപം പൊരിവെയിലിൽ ഒന്നര മണിക്കൂർ നിന്നത്‍. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. പാലക്കാട് കല്ലേപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ആനയുമായി മടങ്ങിയ ലോറിയാണ് പാലിയേക്കര ടോൾപ്ലാസയിൽ തടഞ്ഞിട്ടത്.
ലോറിയുടമ എറണാകുളം സ്വദേശി ശരത്കുമാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി ലോറിയേയും ആനയേയും വിട്ടുകൊടുക്കുകയായിരുന്നു. ടോൾ നൽകി മുന്നോട്ടെടുത്ത ലോറി ടോൾപ്ലാസ ജീവനക്കാർ തടഞ്ഞിടുകയായിരുന്നു. ആനയുടമകൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നു പറയുന്നു.
ടോൾപ്ലാസ അസി. മാനേജർ ആനകളെ കരാറിനെടുത്തു നൽകുന്നയാളാണ്. രാജേന്ദ്രനെ പാട്ടത്തിനെടുത്ത എറണാകുളം സ്വദേശി വിപിനുമായുള്ള വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് ശരത്കുമാർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ് ടോൾപ്ലാസയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ തുറന്നുവിട്ടപ്പോൾ മറ്റൊരു ആനയുമായി വന്ന ഇതേ ലോറി ടോൾ നൽകാതെ കടന്നുപോയെന്നും ടോൾബൂത്തിലെ ജീവനക്കാരൻ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെന്നുമാണ് ടോൾപ്ലാസ അധികൃതർ പറയുന്നത്. ലോറിയിടിച്ച് ബൂത്തിലെ യന്ത്രത്തിന് തകരാർ സംഭവിച്ചുവെന്നും ഇതുമൂലമാണ് തടഞ്ഞതെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ ആ ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമായാണ് ലോറിയുടമ പുതുക്കാട് പോലീസിൽ പരാതി നൽകിയത്.

