മാസപ്പടി കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇഡി
ശാരിക
തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട ഹവാല കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും തെളിവുകളും ദുബായിൽ നിന്ന് ശേഖരിക്കുന്നതിനുള്ള ഔദ്യോഗിക നീക്കങ്ങൾ ഇഡി ആരംഭിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതികളായ കേസിലാണ് വിദേശത്തുനിന്നും തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഏജൻസി നടപടികൾ സ്വീകരിക്കുന്നത്.
ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് തെളിവുകൾ ശേഖരിക്കുന്നതിനായി വിവരങ്ങൾ ആവശ്യപ്പെടാൻ ഉപയോഗിക്കുന്ന നിയമരേഖയായ ലെറ്റേഴ്സ് റോഗേറ്ററി (Letters Rogatory) കൈമാറുന്നതിനുള്ള നടപടികളാണ് ഇഡി നിലവിൽ ആലോചിക്കുന്നത്. ഇതിനായി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദുബായിലെ ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് വിവരങ്ങൾ തേടുന്നതോടൊപ്പം, ഹവാല വഴി പണം കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കേസിന്റെ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
2024 ജൂലൈ മുതൽ 2025 ജൂലൈ വരെ മുഹമ്മദ് റിയാസ് സുഹൃത്തുക്കളുമായി ചേർന്ന് ഹവാല ഇടപാടുകൾ നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ പൂർണ്ണമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബായിൽനിന്ന് തെളിവുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് ഇപ്പോൾ പുതിയ നീക്കങ്ങൾ നടക്കുന്നത്.
്േി്േിേ

