നവി പിള്ളയ്ക്ക് കേന്ദ്ര സർക്കാർ അഭിനന്ദനം അറിയിച്ചില്ല; കേന്ദ്ര നിലപാടിനെതിരെ ശശി തരൂർ


ശാരിക

തിരുവനന്തപുരം: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയും ഇന്ത്യൻ തമിഴ് വംശജയുമായ നവനീതം നവി പിള്ളയെ അഭിനന്ദിക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. നവി പിള്ള പുരസ്കാരം നേടി ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും അഭിനന്ദന സന്ദേശങ്ങളൊന്നും വരാത്തത് ഖേദകരമാണെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.

നവി പിള്ളയുടെ പൂർവികരുടെ നാടായ ഇന്ത്യയുടെ ഭരണാധികാരികളിൽ നിന്ന് ഒരു അഭിനന്ദനം പോലും ലഭിച്ചില്ലെന്നത് കഷ്ടമാണെന്നും, ഈ മനസ്ഥിതി കാണിച്ചവർ നാണിക്കണമെന്നും തരൂർ കുറിച്ചു. എന്നാൽ തരൂരിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ എതിർപ്പും ഉയരുന്നുണ്ട്. കോൺഗ്രസ് പാർട്ടിയും നവി പിള്ളയെ ഔദ്യോഗികമായി അഭിനന്ദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉപയോക്താക്കൾ, തരൂരിന്റേത് "ഇരട്ടത്താപ്പ്" ആണെന്ന് കുറ്റപ്പെടുത്തി.

130 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ ദിണ്ഡിഗൽ ജില്ലയിൽ നിന്ന് ശ്രീലങ്ക വഴി ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് നവി പിള്ളയുടെ ജനനം. ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനെതിരെ ദരിദ്ര കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് അവർ നടത്തിയ നിയമപോരാട്ടങ്ങൾ ഏറെ പ്രശസ്തമാണ്. നെൽസൺ മണ്ടേല ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാർക്കായി അവർ വാദിച്ചിട്ടുണ്ട്. 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി അവർ മാറി. റുവാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ജഡ്ജിയായും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര നീതിയായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി 2026-ലെ സമാധാന നൊബേൽ പുരസ്കാരം നൽകി നവി പിള്ളയെ ആദരിച്ചത്.

article-image

szdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed