സംസ്ഥാ­ന ബജറ്റ് : സാ­ന്പത്തി­ക അച്ചടക്കം അനി­വാ­ര്യം : ധനമന്ത്രി­


തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച, പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം. സംസ്ഥാനങ്ങളെ സാന്പത്തിക അച്ചടക്കം പഠിപ്പിക്കുന്ന കേന്ദ്ര സർ‍ക്കാർ‍ ഇക്കാര്യത്തിൽ അച്ചടക്കം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജി.എസ്.ടി അടക്കമുള്ള പരിഷ്കരണങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർ‍ന്നുവെന്നും ബജറ്റിൽ വിമർശനമുണ്ട്. വികസന കാര്യങ്ങളിലടക്കം മികച്ച രീതിയിൽ മുന്നോട്ട് പോകുന്പോഴും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് ചില വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റിന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാന്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ചിലവ് ചുരുക്കിയേ തീരുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വരവും ചിലവും തമ്മിൽ വൻ വ്യത്യാസമുണ്ട്. എങ്കിലും പദ്ധതി ചിലവുകൾവെട്ടിച്ചുരുക്കില്ല.

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമർശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നു ആദ്യ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏർപ്പടുത്തുന്നതിനായി 100 കോടി ചിലവ് വരുന്ന സ്കീം ഈ സാന്പത്തിക വർഷം നടപ്പാക്കും. കടൽത്തീരത്തുനിന്ന് അന്പത് മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുക ഉൾപ്പടെ മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നൽകും. 

2018 കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ വർഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.ആർ.ടിസിയെ മൂന്ന് ലഭാകേന്ദ്രങ്ങളാക്കി മാറ്റും. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 1000 കോടി രൂപ ഉപാധിരഹിത സഹായം നൽകും. പെൻഷൻ കുടിശ്ശിക മാർച്ചിൽ പൂർണ്ണമായും കൊടുത്ത് തീർക്കും. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത് ഉയർന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച് തീർക്കും. കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 1000 ബസുകൾ ഉടൻ നിരത്തിലിറക്കും. കിഫ്ബി വഴി പണം നൽകി വരുന്ന വർഷം 2000 ബസുകൾ കൂടി വാങ്ങും. 

2015ൽ ഭൂനികുതി വർദ്ധിപ്പിച്ചത് ഈ ബഡ്ജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പുനഃസ്ഥാപിച്ചു. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർദ്ധിപ്പിച്ചു. പഞ്ചായത്തിൽ എട്ട് ആർ വരെ ആറിന് ഒരു രൂപയും രണ്ട് ഹെക്ടർ വരെ ആറിന് രണ്ട് രൂപയും രണ്ട് ഹെക്ടറിന് മുകളിൽ അധികമുള്ള ഭൂമിക്ക് ഒരു ആറിന് അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇതോടൊപ്പം 400 രൂപ അടിസ്ഥാന നിരക്കും നൽകണം. ടൗൺ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 800 രൂപയാണ് അടിസ്ഥാന നിരക്ക്. ഇതിനൊപ്പം മൂന്ന് ആർ വരെ ആറിന് രണ്ട് രൂപയും രണ്ട് ഹെക്ടർ വരെ ആറിന് നാല് രൂപയും രണ്ട് ഹെക്ടറിന് മുകളിൽ അധികമുള്ള ഭൂമിക്ക് ആർ ഒന്നിന് 10 രൂപയും കൂടും. മുനിസിപ്പിൽ കോർപ്പറേഷനിൽ രണ്ട് ആർ വരെ ആറിന് രണ്ട് രൂപയും രണ്ട് ഹെക്ടർ വരെ ആറിന് എട്ട് രൂപയും രണ്ട് ഹെക്ടറിന് മുകളിൽ അധികമുള്ള ഭൂമിക്ക് ആർ ഒന്നിന് 20 രൂപ വീതവും വർദ്ധിക്കും. 1,600 രൂപയാണ് ഇവിടത്തെ അടിസ്ഥാന നിരക്ക്.

ഏപ്രിൽ മുതൽ വിഭവ സമാഹരണത്തിനായി കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി ആരംഭിക്കും. ചിട്ടിയിൽ ചേരുന്നുവർക്ക് അപകട ഇൻഷൂറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കും. വിദേശ മലയാളികളുടെ നിക്ഷേപം ചിട്ടിയായി തിരഞ്ഞെടുത്താൽ വിഭവ സമാഹരണത്തിന് സർക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

വനിതകളുടെ ക്ഷേമത്തിനായി കഴിഞ്ഞ തവണ 11.5 ശതമാനം ആയിരുന്നത് 14.6 ശതമാനമാക്കി ഉയർത്തി. 1267 കോടിയാണ് ഈയിനത്തിൽ പ്രഖ്യാപിച്ചത്. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകൾക്ക് 10 കോടി രൂപ, അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് അടിയന്തിര സഹായം നൽകുന്നതിന് 3 കോടി രൂപ, പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപ, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങൾ നവീകരിക്കുന്നതിന് 20 കോടി, അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയിൽനിന്ന് 2000 രൂപയായും വർദ്ധിപ്പിക്കും.

കേരളത്തിന്റെ ടൂറിസം മാർക്കറ്റിങ്ങിന് 824 കോടി രൂപ വകയിരുത്തി. ടൂറിസത്തിന്റ പൈതൃക സംരക്ഷണ പദ്ധതികൾക്ക് 40 കോടിയും കൊച്ചി ബിനാലെ, ഓണം, വള്ളംകളി തുടങ്ങിയവയുടെ പ്രോത്സാഹനത്തിന് 16 കോടിയും വകയിരുത്തി.

സംസ്ഥാനത്ത് ബിയറിന്റെയും മദ്യത്തിന്റെയും നികുതി ഘടന പരിഷ്കരിച്ചു. 60 കോടിയുടെ വരുമാനമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. നേരത്തെ ഈടാക്കിക്കൊണ്ടിരിന്ന സർചാർജ്ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് മദ്യത്തിന്റെ വിൽപ്പന നികുതിയിൽ സർക്കാർ മാറ്റം വരുത്തിയത്. 400 രൂപ വരെയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് വിൽപ്പന നികുതി 200 ശതമാനമാക്കി പരിഷ്കരിച്ചു. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വിൽപ്പന നികുതി. മാത്രമല്ല ബിയറിന്റെ വിൽപ്പന നികുതി 100 ശതമാനവുമാക്കും. വിദേശമദ്യത്തിന്റെ ഇറക്കുമതിയിൽ കെയിസ് ഒന്നിന് 6000 രൂപവരെയും, വൈൻ കെയിസ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തും. ഇതിന് പുറമെ സർവ്വീസ് ചാർജ്, അബ്കാരി ഫീസ് എന്നിവയും വർദ്ധിപ്പിച്ചിട്ടുണ്ട്.

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 80 കോടി രൂപ, പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കൗൺസിൽ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപയും ഇതിനായി പരിശീലന പദ്ധതികൾക്കായി 65 കോടി രൂപയും നീക്കിവെച്ചു. ടെക്നോ പാർക്കിന് 84 കോടി, ഇൻഫോ പാർക്കുകൾക്ക് 67 കോടി, ഇലക്ട്രോണിക് ഹാർഡ്വെയർ മിഷൻ 30 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. പൊതുമേഖലയിൽ അടുത്ത വർഷം ആരംഭിക്കുന്ന ക്യാൻസർ മരുന്നുകളുടെ ഫാക്ടറിക്കായി 20 കോടി നീക്കിവയ്ക്കും.

You might also like

  • Straight Forward

Most Viewed