എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം : എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചെല്ലികൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷൻ ടിപി പീതാംബരൻ അടക്കമുള്ളവർ പങ്കെടുത്തെങ്കിലും മുൻ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. വിവാദത്തിൽ രാജിവെച്ച ശശീന്ദ്രൻ പത്ത് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. ഇതോടെ മന്ത്രിസഭയിൽ എൻ.സി.പിക്ക് വീണ്ടും മന്ത്രിയായി.
ഫോൺവിളി കെണി വിവാദത്തെതുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26 നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ രാജിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയതിനെതുടർന്നാണ് പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലെത്തിയത്.
ഈ മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി എന്ന പ്രത്യേകതയുമുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.ബാലൻ, എ.സി.മൊയ്തീൻ, ടി.പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, സി.രവീന്ദ്രനാഥ്, മാത്യു ടി.തോമസ്, കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.ശൈലജ, പി.തിലോത്തമൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, ഡി.ജി.പി ലോക് നാഥ് ബഹ്റ, ശശീന്ദ്രന്റെ ഭാര്യ അനിത, മകൻ വരുൺ, ബന്ധുക്കൾ, എം.എൽ.എമാർ, എൻ.സി.പി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയിൽ ശന്പളവും പെൻഷനും നൽകുകയാണ് പ്രധാന ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്ക്ശേഷം ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
