നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഒഴിവാക്കി ഗവർണർ
തിരുവനന്തപുരം : ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ഗവർണർ ജസ്റ്റീസ് പി. സദാശിവം ഇന്ന് നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനപ്രസംഗം വിവാദത്തിൽ. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചില്ലെന്നാണ് വിമർശനം. നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിൽ ഉൾപ്പെടുത്തിയുന്ന കാര്യങ്ങളാണ് ഗവർണർ വായിക്കാതിരുന്നതെന്നാണ് ആരോപണം.
“ചില വർഗീയ സംഘടനകൾ ലഹളകൾ ആസൂത്രണം ചെയ്തിരുന്നു. സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച്, സംസ്ഥാന സംസ്ഥാന സർക്കാറിനെ മറികടന്നുെകാണ്ട് ജില്ലാ ഭരണാധികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടെപടാനുള്ള കേന്ദ്ര സർക്കാറിെൻ്റ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്” എന്നീ വരികളാണ് ഒഴിവാക്കിയത്. അതേസമയം ഭരണ−പ്രതിക്ഷങ്ങൾ ഇതു സംബന്ധിച്ച് പരസ്യ വിമർശനമോ അതൃപ്തിയോ രേഖപ്പെടുത്തിയിട്ടില്ല. രാജ്ഭവനും ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് വിവരം. നയപ്രഖ്യാപനപ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ പരാമർശം ഗവർണർ ജസ്റ്റിസ് പി സദാശിവം ഒഴിവാക്കിയത് തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്തിനെതിരെ ദേശീയതലത്തിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രചാരണങ്ങളെ ഗവർണർ നയപ്രഖ്യാപനത്തിൽ വിമർശിച്ചു. ജി.എസ്.ടിയും നോട്ട് നിരോധവുമുൾപ്പെടെയുളള കേന്ദ്രനയങ്ങൾ സംസ്ഥാനത്തിന്‍റെ സന്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും ഗവർണർ കുറ്റപ്പെടുത്തി. വികസന കാഴ്ചപ്പാടുകളുമായി സംസ്ഥാനം മുന്നോട്ട് പോകുന്പോൾ പരിസ്ഥിതിയെക്കൂടി പരിഗണിക്കമെന്നും ഓഖി ദുരന്തം നൽകുന്ന മുന്നറിയിപ്പ് ഇതാണെന്നും ഗവർണർ ഓർമിപ്പിച്ചു. മാനവ വിഭവശേഷിയിലും അഴിമതി രഹിത പ്രവർത്തനങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പരിഗണന നൽകിയ കാര്യത്തിലും സർക്കാർ ഒന്നാമതാണെന്ന് −ഗവർണർ വ്യക്തമാക്കി.
അതേസമയം യാഥാർത്ഥ്യബോധമില്ലാത്തതും യാതൊരു നയവുമില്ലാത്തുമായ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ജസ്റ്റിസ് പി.സദാശിവം നിയമസഭയിൽ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള ഒരു പദ്ധതിയും നയപ്രഖ്യാപനത്തിൽ പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

