ഹമദ് രാജാവും പ്രധാനമന്ത്രിയും ദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു
മനാമ : ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും അൽ സഖീർ പാലസിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. വികസന പ്രക്രിയകളെക്കുറിച്ചും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധി നേടുന്നതിനുള്ള നിരവധി ദേശീയ വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ദേശീയ നേട്ടങ്ങൾ കൈവരിക്കാനും എക്സിക്യൂട്ടീവുകളും നിയമനിർമ്മാണ സഭയും മുൻകൈയെടുക്കണമെന്ന് ഹമദ് രാജാവ് പറഞ്ഞു.
സബ്‌സിഡി പുനഃപരിശോധനയ്ക്ക് മുൻഗണന നൽകണമെന്നും അർഹരായ പൗരന്മാർക്ക് സർക്കാർ സബ്സിഡി ഉറപ്പാക്കണമെന്നും ഹമദ് രാജാവ് ആവശ്യപ്പെട്ടു. സംയുക്ത എക്സിക്യൂട്ടീവ്− ലെജിസ്ലേറ്റീവ് കമ്മിറ്റി പ്രവർത്തനം പൂർത്തിയാകുന്നതുവരെ ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്നും രാജാവ് ഉറപ്പ് നൽകി. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും മാനദണ്ധങ്ങൾക്കും വിധേയമായിട്ടാണ് ഇത് നടപ്പാക്കുന്നത് എന്ന് നാഷണൽ ഓഡിറ്റ് ഓഫീസും വ്യക്തമാക്കി. ബഹ്‌റൈന്റെ പുരോഗതി വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ ഗവൺമെന്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഹമദ് രാജാവ് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോട് നന്ദി പറഞ്ഞു. ബഹ്‌റൈനിലെ സൗദി അംബാസിഡർ ഡോ. അബ്ദുള്ള ബിൻ അബ്ദുൾ−മാലിക് അൽ ഷെയ്ഖിനെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഹമദ് രാജാവ് സ്വീകരിച്ചു. അടുത്ത മാസം റിയാദിൽ നടക്കുന്ന കിംഗ് അബ്ദുൽ അസീസ് കാമൽ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഹമദ് രാജാവിനെ അബ്ദുള്ള ബിൻ അബ്ദുൾ അസീസ് അൽ സൗദ് ക്ഷണിച്ചു. അൽ സൗദിന്റെ ക്ഷണത്തിന് രാജാവ് നന്ദി അറിയിച്ചു. ബഹ്‌റൈൻ - സൗദി രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും, പല മേഖലകളിലുമുള്ള സഹകരണത്തിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

