ഓഖി ദുരന്തം : കണ്ടെത്താനുള്ളത് 166 മലയാളികളെ
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സർക്കാരിന്റെ പുതിയ കണക്ക്. ഇതിൽ 166 പേർ മലയാളികളാണ്. 42 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 32 മൃതദേഹങ്ങൾ കൂടി ഇനിയും തിരിച്ചറിയാനുണ്ട്.
ദുരന്തത്തിൽ 74 പേർ മരിച്ചുവെന്നാണ് സർക്കാരിന്‍റെ കണക്ക്. കണ്ടെത്താനുള്ള 166 മലയാളികളിൽ 132 പേരുടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 ഇതര സംസ്ഥാനക്കാരുടെ എഫ്.ഐ.ആറും ഇട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഇതര സംസ്ഥാനക്കാരിൽ കൂടുതൽ. അസമിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ളവരും കാണാതായവരിലുണ്ട്. ചെറുവള്ളങ്ങളിൽ പോയവരാണ് കാണാതായവരിൽ ഏറെയും. ഭൂരിപക്ഷവും 50 വയസിൽ താഴെയുള്ളവരാണ്.

