പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കണം : മന്ത്രി ജി.സുധാകരൻ
കളമശേരി : പൊതുമരാമത്തുവകുപ്പിന്റെ പ്രവൃത്തികൾ ആധുനികരീതിയിൽ ഉള്ളതാണെന്നും ഉയർന്ന ഗുണനിലവാരമുള്ളതാണെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് മന്ത്രിജി.സുധാകരൻ. പൊതുമരാമത്തുവകുപ്പ് രൂപകൽപ്പനാവിഭാഗം എറണാകുളം മേഖലാ ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച പാലം, കെട്ടിടം, റോഡ് എന്നിവയുടെ നിർമ്മാണസൗന്ദര്യത്തിലും ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധ പതിപ്പിക്കണം. ഇവ കൂടുതൽകാലം നിലനിൽക്കുമെന്ന് ഉറപ്പാക്കണമെന്നും ഇതിനായി രൂപകൽപ്പനാവിഭാഗം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പുതിയ രണ്ട് മേഖലാ ഓഫീസുകൾ ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തു വകുപ്പിൽ കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതിയും മാറ്റും. ഗുണനിലവാരത്തോടെ സമയബന്ധിതമായി നിലവിലുള്ള കരാർജോലി പൂർത്തിയാക്കാൻ സാന്പത്തിക ശേഷിയുള്ളവരെയാകും തെരഞ്ഞെടുക്കുക. നിലവിലുള്ള ഭൂരിപക്ഷംകരാറുകാരും റിവൈസ്ഡ് എസ്റ്റിമേറ്റ് വച്ച് ഖജനാവിന് നഷ്ടം ഉണ്ടാക്കുന്നവരാണെന്നും 70 ശതമാനം കരാറുകാരും ടെൻഡർ കാലാവധി കഴിഞ്ഞാണ് ജോലി പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ അധികാരത്തിന്റെവ്യാപ്തിയും പരിമിതിയും ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തുവകുപ്പിനെ ഏൽപ്പിച്ച സ്വത്തുക്കൾ കഴിഞ്ഞ 60 വർഷമായി പലരും നന്നായി കൈകാര്യം ചെയ്തിട്ടില്ലെന്നും പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള സ്ഥലം മറ്റാരും കൈവശപ്പെടുത്താതെയും കാടുകയറാതെയും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നഗരസഭാ ചെയർപേഴ്സൺ ജെ.സി പീറ്റർ അദ്ധ്യക്ഷയായി.

