ജേക്കബ് തോമസിന് സസ്‌പെൻഷൻ
തിരുവനന്തപുരം : ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. സർക്കാരിനെതിരെ നടത്തിയ പ്രസ്താവന, അഖിലേന്ത്യാ സിവിൽ സർവ്വീസ് നിയമം അനുസരിച്ച് അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ജേക്കബ് തോമസിനെ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും. നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജേക്കബ് തോമസ്.
തലസ്ഥാനത്തെ പ്രസ് ക്ലബ്ബിൽ അഴിമതി വിരുദ്ധ ദിനാചരണ യോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിന് കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതുൾപ്പടെ നിശിത വിമർശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്.
അതേസമയം തന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. മൗനിയാകാൻ തനിക്ക് മനസില്ല. പ്രതികരിക്കുന്നവരെ മൗനിയാക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. സ്രാവുകൾക്കൊപ്പം നീന്തിക്കൊണ്ടിരിക്കുകയാണ്. സ്രാവുകൾക്കൊപ്പം നീന്തുന്പോൾ പലതും നടക്കും. നീന്തൽ തുടർന്നുകൊണ്ടിരിക്കുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. സസ്‌പെൻഷനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സസ്‌പെൻഷൻ ഉത്തരവ് തന്റെ കൈയിൽ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

