രജിസ്ട്രേഷൻ : സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി
കൊച്ചി : പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്താൻ വ്യാജ രേഖയുണ്ടാക്കിയെന്ന കേസിൽ സുരേഷ് ഗോപി എം.പി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് തടഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിൽ കൃത്രിമം നടന്നതായി അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. പുതുച്ചേരിയിൽ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെ ഒപ്പാണ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാണിച്ചത്. സുരേഷ് ഗോപി ഈ മാസം 21ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കണം. നോട്ടീസ് നൽകി സുരേഷ് ഗോപിയെ വിളിച്ചുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്ത ശേഷം വേണ്ടിവന്നാൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി. ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജ രേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ആഡംബര കാറുകൾക്ക് വൻതുക നികുതി നൽകേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കുന്നതിനാണ് കാർ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. ആരോപണം ഉയർന്നതോടെ വാഹന രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ സുരേഷ് ഗോപി മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു. എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്ത് റജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണ് കണ്ടെത്തൽ. ഇതിൽ 1178 കാറുകൾ കേരളത്തിൽനിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തതാണ്. തിരുവനന്തപുരം ആർ.ടി.ഒയാണ് സുരേഷ് ഗോപി എം.പിക്ക് നോട്ടിസ് അയച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘പി.വൈ 05 എ 99’ എന്ന പോണ്ടിച്ചേരി രജിസ്ട്രേഷൻ ഉള്ള കാർ കേരളത്തിൽ ഓടുന്നതായും ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നു. ശാസ്തമംഗലത്തെ വിലാസത്തിൽ താമസക്കാരനായതിനാൽ ഈ വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തു നികുതി അടയ്ക്കേണ്ടതായിരുന്നു.

