പ്രൊഫഷണലിസമാണ് വിജയത്തിന്റെ താക്കോലെന്ന് കിരീടാവകാശി
മനാമ : രാജ്യത്തിന്റെയും പൗരന്മാരുടെയും സംരക്ഷണത്തിനായുള്ള എല്ലാ നിയമങ്ങളും ഇനിയും തുടരുമെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. നിയമവ്യവസ്ഥ, മനുഷ്യാവകാശം, ആധുനിക സന്പ്രദായങ്ങൾ എന്നിവ തുടർന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോയൽ അക്കാദമി ഓഫ് പോലീസിന്റെ (ആർ.എ.പി) അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഘടകം പ്രൊഫഷണലിസവും ഹമദ് രാജാവിന്റെ സമഗ്ര വികസന പദ്ധതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയെ പ്രിൻസ് സൽമാൻ അഭിനന്ദിച്ചു. പോലീസിലെയും നിയമ നിർവ്വഹണ പ്രക്രിയയിലേയും ആധുനിക വൈദഗ്ധ്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്‌ഖ് റാഷിദ് ബിരുദധാരികളോട് പറഞ്ഞു. നിലവിലെ സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ സുരക്ഷാപരമായ കഴിവുകൾ കൂടുതൽ മികവുറ്റതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിരുദദാന ചടങ്ങിൽ പങ്കെടുത്തതിനും ആഭ്യന്തരമന്ത്രാലയത്തിന് പിന്തുണ നൽകുന്നതിനും പ്രിൻസ് സൽമാൻ ഷെയ്ഖ് റാഷിദ് നന്ദി അറിയിച്ചു.
നേരത്തെ, ചടങ്ങിലെത്തിയ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ആഭ്യന്തരമന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു.

