ഓഖി ചുഴലിക്കാറ്റ് : രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോസ്റ്റൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ബന്ധുക്കൾ ആശങ്കമൂലമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഇത്രയും ദുരിതം വിതച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് സംഭവസ്ഥലം സന്ദർശിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ശീതസമരമാണെന്ന് പറഞ്ഞ ചെന്നിത്തല വിഷയത്തിൽ സർക്കാർ ഉടനെ സർവ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച മുഖ്യമന്ത്രി അംഗമായിട്ടുള്ള കേരള ദുരന്ത നിവാരണ കമ്മിറ്റി അംഗങ്ങൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
എല്ലാ നഷ്ടപ്പെട്ടുപോയ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളെ സന്ദർശിക്കാനോ അവരെ ആശ്വസിപ്പിക്കാനോ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കുമ്മനം ചോദിച്ചു. ദുരന്തനിവാരണ അതോററ്റി ഇപ്പോഴും ഒരു പാവയായി തുടരുകയാണെന്നും കുമ്മനം ആരോപിച്ചു. സഹായം നൽകിയ ഗോവ, കർണാടക സർക്കാരുകൾക്ക് നന്ദിയുണ്ടെന്നും കുമ്മനം പറഞ്ഞു.


