ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തം. ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രതിഷേധക്കാർ ആലപ്പുഴ തുന്പോളിയിൽ ദേശീയ പാത ഉപരോധിച്ചു. ഇവിടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂടാതെ തിരുവനന്തപുരം വലിയതുറയിലും നാട്ടുകാർ റോഡ് ഉപരോധിച്ചു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ഇവിടെയും റോഡ് ഉപരോധം.
അതേസമയം മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരെ പ്രതിഷേധം. മന്ത്രിമാർ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടാണ് വിഴിഞ്ഞത്ത് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് മേഴ്സിക്കുട്ടിയമ്മയ്ക്ക് പള്ളിമുറ്റത്ത് വെച്ച് തിരികെ പോകേണ്ടി വന്നു. ബിഷപ്പിനൊപ്പം പോയതിനാലാണ് കടകംപള്ളിയ്ക്ക് പ്രദേശത്തേക്ക് പോകാനായത്. മന്ത്രിമാർ തിരിഞ്ഞുനോക്കിയില്ലെന്നും രക്ഷാപ്രവർത്തനത്തിന് ഏകോപനമില്ലായിരുന്നുവെന്നും പ്രതിഷേധിച്ചവർ പറഞ്ഞു.
നാവിക, വ്യോമ സേനകളുടെ നേതൃത്വത്തിൽ നടത്തുന്ന തിരച്ചിലിൽ തൃപ്തരാവാത്തതിനാൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. കടൽ പരിചയമുള്ള തങ്ങളെ കൂടി തിരച്ചിലിൽ ഉൾപ്പെടുത്തണമെന്ന് അവർ പലതവണ ആവശ്യപ്പെട്ടിരുന്നു. അതേ സമയം രക്ഷാപ്രവർത്തനത്തിനായി 55 ഓളം വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങിയിട്ടുണ്ട്.


