അദ്ധ്യാപകരും ജീവനക്കാരുമില്ല : മുട്ടം എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം
മുട്ടം : അദ്ധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് മൂലം മുട്ടം എൻജിനീയറിംഗ് കോളേജിൽ അധ്യയനം മുടങ്ങിയിട്ട് ഒരാഴ്ച. വ്യക്തമായ മാനദണ്ധങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിട്ട എം.ജി കോളേജ് അധികൃതരുടെ നടപടിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരും ആരോപിച്ചു.
ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം റദ്ദാക്കുകയോ സൊസൈറ്റിക്ക് കീഴിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുട്ടം എൻജിനീയറിംഗ് കോളേജിന് മുന്നിൽ എസ്.എഫ്.ഐ. രാപകൽ സമരം ആരംഭിച്ചു. വ്യക്തമായ മാനദണ്ധങ്ങൾ പാലിക്കാതെയുള്ള സിൻഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് എസ്.എഫ്.ഐ. നേതാക്കൾ ആരോപിച്ചു. മഹാത്മാഗാന്ധി സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ഉൾെപ്പടെയുള്ള മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട് ഇരുപത്തിയഞ്ചിനാണ് സർവ്വകലാശാലയിൽ നിന്ന് ഉത്തരവ് കോളേജിൽ നൽകിയത്. അക്കാദമിക് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശ പ്രകാരം ജൂലൈ പതിമൂന്നാം തീയതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ജീവനക്കാരെ പിരിച്ചുവിടുന്നതായിട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
എന്നാൽ, പിരിച്ചുവിട്ട അദ്ധ്യാപകരെ പുതിയ സംവിധാനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കീഴിൽ നിയമിക്കുകയും ചെയ്തിട്ടില്ല. ഇതോടെ കോളേജിന്റെ നിലനിൽപ് അനിശ്ചിതത്വത്തിലായി. അന്നു മുതൽ കോളേജിൽ പഠനം നടക്കുന്നില്ല. മുട്ടം എൻജിനീയറിംഗ് കോളേജിൽ 96 ജീവനക്കാരാണുള്ളത്. ഇവരെല്ലാം പത്തുമുതൽ ഇരുപത് വർഷംവരെ സർവ്വീസ് ഉള്ള കരാർ ജീവനക്കാരാണ്.

