പി.സി ജോർജ്ജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ
തിരുവനന്തപുരം : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി ജോർജജ് എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ജോർജ്ജുമായി ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന തരത്തിലാണ് എം.എൽ.എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.
ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി ജോർജജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കിൽ, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ഡൽഹിയിലെ നിർഭയയെപ്പോലെയാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ജോർജ്ജിന്റെ ആവശ്യം.

