അച്ഛൻ ബാലൻ കെ നായരുടെ സ്മൃതി കുടീരത്തിന് സമീപം അന്ത്യവിശ്രമം; നടൻ മേലനാഥന് വിട നൽകി സിനിമാ-സാംസ്കാരിക ലോകം
ശാരിക
ഷൊർണൂർ: അന്തരിച്ച നടൻ മേലനാഥന് ജന്മനാട് വിട നൽകി. വൈകിട്ട് 3.30-ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. തറവാട്ടു വീട്ടിൽ പിതാവും വിഖ്യാത നടനുമായ ബാലൻ കെ. നായരുടെ സ്മൃതി കുടീരത്തിന് സമീപത്താണ് അന്ത്യവിശ്രമം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ എത്തി. മുൻമന്ത്രി എ.കെ. ബാലൻ, എംഎൽഎമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി. നായർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആരാധകരും എത്തിയിരുന്നു.
വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മേലനാഥൻ അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ സുസ്മിത, മകൾ പാർവതി.
തിരുവനന്തപുരത്ത് ജനിച്ച മേലനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു. കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. 1983-ൽ പി.എൻ. മേനോന്റെ 'അസ്ത്രം' സിനിമയിലൂടെയാണ് ആദ്യമായി അഭിനയിച്ചത്. വില്ലൻ വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ക്യാരക്ടർ വേഷങ്ങൾ ലഭിച്ചപ്പോൾ അത് അസാധാരണ മികവോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേലനാഥൻ മികച്ച കർഷകൻ കൂടിയായിരുന്നു.
പഞ്ചാഗ്നി, ഉയരങ്ങളിൽ ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2022-ൽ പുറത്തിറങ്ങിയ 'കുമൻ' ആണ് അവസാന ചിത്രം.
fdsf


