മകനെ ഭീഷണിപ്പെടുത്തി അലമാര കുത്തിത്തുറന്ന് 23 പവനും 5 ലക്ഷവും കവർന്ന സംഘം പിടിയിൽ
ഷീബ വിജയൻ
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണവും പണവും കൈക്കലാക്കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടുടമയുടെ പരാതി. വീട്ടിലെ അലമാരയിലും കട്ടിലിന്റെ ഷെൽഫിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.
കഴിഞ്ഞ 24 മുതൽ ആറാം തീയതി വരെയുള്ള ദിവസങ്ങളിലായി ഈ 17 കാരനെ ഉപയോഗിച്ച് തിരൂരങ്ങാടിയിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവരുകയായിരുന്നു. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിൽനിന്ന് സ്വർണവും പണവും എടുപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെയും പുതുപ്പറമ്പ് ഉബൈദ് (33), തിരൂർ ചക്രമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
df

